September 26, 2021

CSC VANIMEL

DIGITAL SEVA VANIMAL

ഫുൾ എ പ്ലസിനും പ്ലസ് വൺ പ്രവേശനമില്ല

ഫുൾ എ പ്ലസിനും പ്ലസ് വൺ പ്രവേശനമില്ല!?

              എസ്എസ്എൽസി പരീക്ഷാഫലം വന്നു; പ്ലസ് വണ്ണിന് ഒരു സീറ്റ് കിട്ടാൻ വേണ്ടിയുള്ള പ്രയത്നത്തിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. പലരുടെയും ഓട്ടം കണ്ടാൽ ആദ്യം അപേക്ഷിക്കുന്നവർക്കാണ് ആദ്യം അഡ്മിഷൻ ലഭിക്കുന്നത് എന്ന് തോന്നും. കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് അല്ലെങ്കിൽ ഒന്നാം അലോട്ട്മെൻറ് കഴിയുമ്പോൾ പല രക്ഷിതാക്കളുടെയും പരാതിയാണ് എൻറെ കുട്ടിക്ക് ഫുൾ എ പ്ലസ് ഉണ്ടായിട്ടും അഡ്മിഷൻ കിട്ടിയില്ല എന്ന്. തൻറെ കുട്ടിയെക്കാൾ ഗ്രേഡ് കുറഞ്ഞവർക്ക് പ്രവേശനം കിട്ടിയത് അവരുടെ മാനസിക വിഷമം വർദ്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ പ്ലസ് വൺ പ്രവേശനത്തിന് മാനദണ്ഡം എസ്എസ്എൽസിക്ക് കിട്ടിയ ഗ്രേഡ് മാത്രമല്ല എന്ന് മനസ്സിലാക്കാത്തതാണ് പ്രശ്നം.

              കായികമേളയിൽ ദീർഘദൂര ഓട്ട മത്സരങ്ങളിൽ ആദ്യ റൗണ്ടുകളിൽ മുന്നിൽ ഓടുന്നവൻ ഫിനിഷിങ് പോയിന്റിൽ എത്തുമ്പോഴേക്കും പിന്തള്ളപ്പെടുന്നത് നാം കാണുന്നതാണ്. തന്ത്രപൂർവ്വം എനർജി ഉപയോഗിച്ച് നന്നായി ഓടുന്നവരാണ് വിജയികളാവാറുള്ളത്. പ്ലസ് വൺ പ്രവേശനത്തിന് മാത്രമല്ല പി എസ് സി ഉൾപ്പെടെ ജീവിതത്തിലെ പല പരീക്ഷകളും പരീക്ഷണങ്ങളും വിജയിക്കുന്നതിന് കഠിനാധ്വാനം മാത്രം പോരാ അൽപം തന്ത്രജ്ഞതയും കൂടി വേണം.

പ്ലസ് വൺ പ്രവേശനം

          പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെൻറ് നൽകുന്നതിനുള്ള മാനദണ്ഡം WGPA (Weighted Grade Point Average) ആണ്. ഇത് വിദ്യാർത്ഥിയുടെ എസ്എസ്എൽസി റിസൾട്ട്, തിരഞ്ഞെടുത്ത സ്കൂൾ, തിരഞ്ഞെടുത്ത കോഴ്സ് കോമ്പിനേഷൻ, മറ്റു ബോണസ് പോയിന്റ് ലഭിക്കുന്ന യോഗ്യതകൾ എന്നിവയ്ക്കനുസരിച്ച് വ്യത്യാസം വരും. പ്ലസ് വൺ പഠനത്തിന് നിങ്ങൾ തിരഞ്ഞെടുക്കുന്ന കോമ്പിനേഷൻ അനുസരിച്ച് യോഗ്യതാപരീക്ഷയിലെ (എസ്എസ്എൽസി) ചില വിഷയങ്ങൾക്ക് വെയിറ്റേജ് ലഭിക്കും. ഒരു വിദ്യാർത്ഥിക്ക് തന്നെ വ്യത്യസ്ത സ്കൂളുകളിലും വ്യത്യസ്ത കോഴ്സുകളിലും WGPA മാറ്റം വരാം. ഇത് കൃത്യമായി മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുന്നവർക്ക് തനിക്ക് കിട്ടാത്തതിലോ മറ്റുള്ളവർക്ക് കിട്ടിയതിലോ വിഷമം ഉണ്ടാകാൻ സാധ്യതയില്ല.

          നിങ്ങൾക്ക് അഥവാ നിങ്ങളുടെ കുട്ടിക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ഇഷ്ടപ്പെടുന്ന കോഴ്സിന് പ്രവേശന സാധ്യതയുണ്ടോ എന്നറിയാൻ WGPA കൂട്ടി നോക്കിയാൽ മതി. അതേ സ്കൂളിൽ അതേ കോഴ്സിന് അപേക്ഷ സമർപ്പിക്കുന്ന മറ്റു വിദ്യാർത്ഥികളുടെ WGPA കൂടി നിങ്ങളുടെ സാധ്യതയെ ബാധിക്കും. ആയതിനാൽ അതീവശ്രദ്ധയോടെ പ്ലസ് വൺ അപേക്ഷ സമർപ്പിക്കുക.

ബോണസ് പോയിന്റുകൾ :

01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

പ്രവേശനം തേടുന്നതിന് മുമ്പ്

എസ്എസ്എൽസി കഴിഞ്ഞാൽ പ്ലസ് ടു എന്നാണ് പൊതുവായ ഒരു ധാരണ. അതിൽ തന്നെ നല്ല മാർക്ക് ഉണ്ടെങ്കിൽ സയൻസ്, കിട്ടിയില്ലെങ്കിൽ കൊമേഴ്സ് അതുമല്ലെങ്കിൽ ഹുമാനിറ്റീസ് എന്നതാണ് ഒരു പൊതുബോധം. ഹയർസെക്കൻഡറി കോഴ്സിന് ഇങ്ങനെ മൂന്നു കോമ്പിനേഷൻ മാത്രമേ മിക്ക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അറിയൂ. കുട്ടിയുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചായിരിക്കണം പഠനം മുന്നോട്ടു കൊണ്ടു പോകേണ്ടത്. പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് വൺ അല്ലാതെ മറ്റു പല കോഴ്സുകളും ഉണ്ട്. അവയെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ ചർച്ച ചെയ്യാം.

          വൈവിധ്യമായ ലക്ഷ്യബോധത്തോടെ ആണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പ്ലസ് വൺ അപേക്ഷ സമർപ്പിക്കുന്നത്. ഉദ്ദേശിക്കുന്ന സ്കൂളിൽ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ കിട്ടണം, ഏത് സ്കൂളിൽ ആയാലും ആഗ്രഹിക്കുന്ന കോഴ്സ് കിട്ടണം, ഏതു കോഴ്സ് ആയാലും ആഗ്രഹിക്കുന്ന സ്കൂളിൽ കിട്ടണം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് മിക്കവർക്കും. അവസാനത്തെ ഒരു വിഭാഗം എന്തായാലും കുഴപ്പമില്ല പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടണം എന്നുള്ളവരാണ്.

          പ്ലസ് വണ്ണിന് അപേക്ഷ നൽകുന്നതിനു മുമ്പ് കുട്ടിയുടെ അഭിരുചിക്കും ആഗ്രഹത്തിനും അനുസരിച്ചുള്ള കോഴ്സ് കോമ്പിനേഷൻ, സ്കൂളുകളുടെ പേര് എന്നിവ മുൻഗണനാ ക്രമത്തിൽ തയ്യാറാക്കണം. സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 46 സബ്ജക്ട് കോമ്പിനേഷനുകളുണ്ട്. (സബ്ജക്റ്റ് കോമ്പിനേഷനുക) ഇതിൽ ചിലത് എല്ലായിടത്തും സാർവ്വത്രികമായി ഉള്ളതും മറ്റുചിലത് അപൂർവ്വമായി ഉള്ളതുമാണ്.

          ആഗ്രഹിക്കുന്ന കോഴ്സ് കോമ്പിനേഷന് പ്രവേശനം കിട്ടുമെന്ന് ഉറപ്പില്ലെങ്കിൽ മറ്റു കോഴ്സ് കോമ്പിനേഷനുകളും നൽകാവുന്നതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാവുന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ സൗകര്യമുള്ള സ്കൂളുകളിലെല്ലാം ഏറ്റവും ഇഷ്ടപ്പെട്ട കോമ്പിനേഷൻ കൊടുത്തതിനുശേഷം മാത്രമാവണം ഇതേ സ്കൂളുകളിൽ അടുത്ത കോമ്പിനേഷൻ കൊടുക്കേണ്ടത്. കാരണം നിങ്ങൾ ഒരു ഓപ്ഷനിൽ അലോട്ട്മെൻറ് കിട്ടി കഴിഞ്ഞാൽ അതിനു താഴെയുള്ളവയെല്ലാം അസാധുവാകും. അതുകൊണ്ട് നിങ്ങൾ പ്രാധാന്യം നൽകുന്നത് ആദ്യം നൽകുക. ഏത് കോഴ്സ് ആയാലും കുഴപ്പമില്ല ഒരു പ്രത്യേക സ്കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ആ സ്കൂളിലെ എല്ലാ കോഴ്സുകളും നൽകിയതിന് ശേഷം അടുത്ത സ്കൂൾ സെലക്ട് ചെയ്യാം.

ട്രയല്‍ അലോട്ട്മെന്‍റ് എന്തിന്?

ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥി അപേക്ഷിച്ച സ്കൂള്‍/കോമ്പിനേഷന്‍ ഓപ്ഷനുകള്‍ അവയുടെ റാങ്കടിസ്ഥാനത്തില്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ പ്രദര്‍ശിപ്പിക്കും.അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്മെന്‍റ് നടത്തുന്നത്.അപേക്ഷകന് തെരെഞ്ഞെടുത്ത സ്കൂളും കോമ്പിനേഷനും ഈ ഘട്ടത്തിലും തിരുത്താവുന്നതാണ്. പിന്നീട് അവസരം ഉണ്ടാകില്ല. പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളില്‍ തന്നെയാണ് തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്.

മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ

രണ്ട് അലോട്ട്മെന്‍റ് അടങ്ങുന്നതാണ് മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ. വിദ്യാര്‍ത്ഥി നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ചെങ്കില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശന നേടാം.താഴ്ന്ന ഓപ്ഷന്‍ ആണ് ലഭിച്ചതെങ്കില്‍ ഫീസ് നല്‍കാതെ താല്‍ക്കാലിക പ്രവേശനവും നേടാം. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുമ്പോള്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസ് നല്‍കി സ്ഥിര പ്രവേശനം നേടണം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.അവരുടെ അവസരവും നഷ്ടപ്പെടും. കൂടുതല്‍ അറിവിന് പ്രോസ്പെക്ട്സ് വായിക്കാം.

മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിച്ച ശേഷം സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ്/സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്‍റ് എന്നിവയും ഉണ്ടാകും.

നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിൽ ഇഷ്ടപ്പെടുന്ന കോഴ്സിന് ലഭിക്കുന്ന WGPA അറിയുന്നതിന് digital seva – csc പൊതു സേവന കേന്ദ്രം സന്ദർശിക്കാവുന്നതാണ്. സ്കൂൾ കോഡ്, കോഴ്സ് കോമ്പിനേഷൻ ലിസ്റ്റ്, അപേക്ഷയുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങൾ എന്നിവയും അവിടെ ലഭ്യമാകും.

digital seva csc

pakkoyi road

bhoomivathukkal – vanimal

9744335227

Left Menu Icon
Right Menu Icon